Wednesday, January 15, 2014

രൂപക കഥകൾ

പഴമർ പാട്ടുകളിൽ
കുഴിച്ചിട്ടു വിത്തുകൾ
വഴിയോരങ്ങളിൽ
നിഴൽ‌വീഴ്ത്തിനിന്നു
രൂപകമരങ്ങൾ
പൂമരങ്ങൾ കിളിമരങ്ങൾ
കാമരങ്ങൾ കണിമരങ്ങൾ
മഴമരങ്ങൾ ഊഞ്ഞാ‍ൽമരങ്ങൾ.

മരങ്ങൾചുറ്റി പ്രേമിച്ച
അമ്മമാരും അച്ഛന്മാരും
മുളപ്പിച്ചു മുറ്റങ്ങളിൽ
രൂപകച്ചെടികൾ
പൂമണംകുണുങ്ങികൾ
കൂർ‌മുള്ളുപരുക്കന്മാർ
പൂവില്ലാജാള്യം മറയ്ക്കും വെള്ളിലകൾ
മരങ്ങളിൽ പടർന്നു പിഴയ്ക്കും വള്ളികൾ
വിചിത്രപ്പേർ നാടൻ‌വിദേശികൾ.

പുൽക്കുട്ടികളും പൂക്കുട്ടികളുമായ
ചേട്ടന്മാരും ചേച്ചിമാരും
പുകച്ചും മണത്തും ചവച്ചും കുടിച്ചും
രൂപകം തലയ്ക്കുപിടിച്ചവരാ‍യി.
എഴുത്തുതൊപ്പിക്കുള്ളിൽനിന്നും
പുറത്തുവന്ന രൂപകമുയലുകൾ
ചിലതു കാടുകേറി കനൽക്കണ്ണായി
ചിലതു നാടുകേറി പതുപതുപ്പായി.
മേഘങ്ങളിൽ ഇലപ്പടർപ്പിൽ
മരവരകളിൽ ചുവർ‌കലകളിൽ
വെളിപ്പെട്ട രൂപകരൂപികൾ
താളുകൾ‌ക്കിടയിൽ കൊമ്പായി വാലായി.

പുതുകവികൾ ഞങ്ങൾ
വേണ്ടപ്പോൾ വെട്ടാൻ
രൂപകപ്പശുക്കൃഷി തുടങ്ങി.
വാക്കും അർത്ഥവും ഇണചേർക്കാതെയും
രൂപകക്കുഞ്ഞുങ്ങളെ വിരിയിച്ചു.
വിരൽത്തുമ്പത്തും വിളിത്തുമ്പത്തും
രൂപകയന്ത്രങ്ങൾ രൂപകരതി.
ലോകം രൂപകവനം
എഴുത്ത് രൂപകവേട്ട.